എൻ.എൻ.കക്കാട്(നാരായണൻ നമ്പൂതിരി കക്കാട്)

കോഴിക്കോട് ജില്ലയിലെ വിടനല്ലൂർ എന്ന ഗ്രാമത്തിൽ 1927 ജൂലൈ 14നാണ് എൻ.എൻ. കക്കാട് ജനിച്ചത്. കക്കാട് വലിയ നാരായണൻ നമ്പൂതിരിയും ദേവകി അന്തർജനവുമാണ് മാതാപിതാക്കൾ.1955ഏപ്രിൽ 26ന്‌ ചേർപ്പുളശ്ശേരിക്കാരി ശ്രീദേവിയെ വിവാഹം ചെയ്തു
N.N KAKKADU


അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തി ന്റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണ് ജോലിചെയ്ത ത്. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷ ത്തേക്ക് ചേർന്നു. 1960-കളിൽ ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനയെ അനുകൂലിച്ചു എന്ന് അദ്ദേഹം ആരോപിക്കപ്പെട്ടു. ജീവിതത്തിലെ ഇത്തരം ഗതിവിഗതികൽ അദ്ദേഹത്തിന്റെ കവിതകളിലും പ്രതിഫലിച്ചു കാണാം.നടുവണ്ണൂർ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചുവെങ്കിലും മാനേജുമെൻറുമായുണ്ടായ തർക്കത്തെത്തുടർന്ന് അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. കോഴിക്കോട് ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു. മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പിന്തുണയോടെ ബാലുശ്ശേരിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു. ആകാശവാണിയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം അവിടെ കലാകാരന്മാരുടെ അസോസിയേഷൻ ഉണ്ടാക്കി സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ ശ്രമിച്ചവരിൽ ഒരാളാണദ്ദേഹം. കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1985ൽ അദ്ദേഹം ആകാശവാണിയിലെ പ്രൊഡ്യൂസർ സ്ഥാനത്തു നിന്ന് വിരമിച്ചു. കേരള സാഹിത്യ അക്കാഡമിയിലും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട് .1987 ജനുവരി 6ന് അർബുദരോഗ ബാധയാൽ അദ്ദേഹം മരിച്ചശേഷമാണ്‌ നാടൻചിന്തുകൾ , പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത്

=======================================================

ആർദ്രമീധനുമാസ രാവുകൾ


ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍

ആതിര വരും പോകുമല്ലേ സഖീ


ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ..
ഈ പഴങ്കൂടൊരു ചുമക്കടി ഇടറി വീഴാം.
വ്രണിതമാം കണ്ഠത്തില്‍ ഇന്നു നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്‍റെ
പിന്നിലെയനന്തതയില്‍ അലിയും ഇരുള്‍,
 നീലിമയില്‍
എന്നോ പഴകിയോരോമ്മകള്‍ മാതിരി
നിന്നു വിറക്കുമീയേകാന്ത താരകളേ,
ഇന്നൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ..
ആതിര വരും നേരമൊരുമിച്ചു കൈകള്‍കോര്‍-
ത്തെതിരെല്‍ക്കണം നമുക്കിക്കുറി.
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
എന്ത്?
 നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്തം നിറക്കുകീ ശിഷ്ട്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പു പെടാതീ
മധുപാത്രമടിയോളം മോന്തുക
നേര്‍ത്ത നിലാവിന്‍റെ അടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്‍റെ
അറകളിലെ ഓര്‍മ്മകളെടുക്കുക
എവിടെ എന്തോര്‍മ്മകളെന്നോ?
നേരുകയിളിരുട്ടേന്തി പാറാവ്‌ നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ?
 ഒന്നുമില്ലെന്നോ?
പല നിറം കാച്ചിയ വളകളഴിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും
എന്തും പരസ്പരം മോഹിച്ചും
മൂപതിറ്റാണ്ടുകള്‍ നീണ്ടോരീ അറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുനണ്ടായിരിക്കണം ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി.
ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തെക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍
നിഴലുകള്‍ നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയി
കടുനീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാല്‍ പാട്ടുയരുന്നുവോ സഖീ?
എങ്ങാനൊരൂഞ്ഞാല്‍ പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ?
 ഒന്നുമില്ലെന്നോ?
ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരേല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ,മനമിടറാതെ
കാലമിനിയുമുരുളും വിഷു വരും,
വര്‍ഷം വരും,തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായ് സൌമ്യരായ്എതിരേല്‍ക്കാം
വരിക സഖീ അരികത്ത് ചേര്‍ന്ന് നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാമന്യോന്യമൊന്നുവടികളായ് നില്‍ക്കാം
ഹാ സഫലമീ യാത്ര...