അളവറ്റവള്‍ - നെരൂദ

അളവറ്റവള്‍ - നെരൂദ

വിവര്‍ത്തനം:വി.രവികുമാർ 

ഈ കൈകള്‍ കാണുന്നുവോ നീ?
ഭൂമിയളന്നവയാണവ,
ധാതുവും ധാന്യവും ചേറിയവയാണവ,
യുദ്ധവും സമാധാനവും നടത്തിയവയാണവ,
കടലും പുഴയും ജയിച്ചവയാണവ,
എന്നിട്ടുമെന്റെ കുഞ്ഞേ,
ഗോതമ്പുമണിയേ, പൊടിക്കുരുവീ,
അവയിലൊതുങ്ങുന്നോളല്ലല്ലോ നീ.
നിന്റെ മാറത്തുറങ്ങുന്ന, പാറുന്ന
മാടപ്രാവുകളെത്തേടിയുഴലുകയാണവ,
നിന്റെ കാലുകള്‍ താണ്ടുകയാണവ,
നിന്റെയരക്കെട്ടിന്റെ വെട്ടത്തിൽ
ചുറയിട്ടുകിടക്കുകയാണവ.
കടലിനെക്കാ,ളതിന്റെ കൈവഴികളെക്കാള്‍
അക്ഷയമായ നിധിയാണെനിക്കു നീ.
വിളവെടുക്കുന്ന മണ്ണു പോലെ
വെളുത്തവള്‍, നീലിച്ചവള്‍ ,
പരപ്പാര്‍ന്നവളാണു നീ.
എനിക്കു മോഹം,
നിന്റെ ചോടു മുതല്‍ നെറുക വരെ
ജീവനൊടുങ്ങുവോളമാദേശ-
ത്തലഞ്ഞു നടക്കാന്‍.

ഒരു നിമിഷം

ഒരു നിമിഷം
ഒരൊറ്റ ദിവസത്തെ
പല നേരങ്ങളില്‍
ചിലപ്പോള്‍ നീയെനിക്കന്യനാവുന്നു
മറ്റു ചിലപ്പോള്‍ ഒരപരിചിതന്‍
വേറെ ചിലപ്പോളെന്റെ
പുലമ്പലുകളില്‍
മുഖം കുനിഞ്ഞൊരു കുറ്റവാളി
എല്ലാ ദിവസങ്ങളുടെയും
അന്ത്യത്തില്‍
പറിച്ചെറിയാന്‍ ആവാത്തൊരു
കാട്ടുചെടിയും !!
നീയെന്താണിങ്ങനെ
അല്ലെങ്കില്‍
ഞാനെന്താണിങ്ങനെ?
ഒരു ചോദ്യത്തിനുത്തരം
മറു ചോദ്യമാകുന്നതിന്റെ
നിസഹായതയില്‍
നിന്നെ ഈ ജീവിതത്തില്‍ നിന്ന്
ഇറക്കി വിടുന്നു
ഇല്ലാത്ത വാതിലുകളെ
നിന്റെ നേര്ക്കാകഞ്ഞ്
വലിച്ചടക്കുന്നു !!



  •  തൗഫീഖ് ഖബ്ബാനി 1923 മാർച്ച് 21 ന് സിറിയൻ തലസ്ഥാനമായ ഡമാസ്കസി നടുത്ത് ഒരു ഇടത്തരം വ്യാപാര കുടുംബത്തില്‍ ജനിച്ചു.Nations scientific college, Damascus University എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി. കവി, പ്രസാധകൻ, രാഷ്ട്രീയ നയതന്ത്രക്ഞൻ എന്നീ നിലകളിൽ ഖബ്ബാനി ശോഭിക്കുന്നു. പ്രണയം, വിരഹം, സ്ത്രീ സ്വാതന്ത്ര്യം, അറബ് ദേശീയത എന്നീ വിഭാഗങ്ങളിലായിട്ടാണ് കൂടുതലും രചനകൾ. ഖബ്ബാനിയുടെ ഒാരോ വരികളും ഈ കാലഘട്ടത്തിലും വളരെ പ്രാധാന്യം ഉള്ളതാണ്.
  •  

അനുരാഗത്തിന്റെ പുസ്തകം   

നിസാർ ഖബ്ബാനി



ദൈവമേ,

എന്റെ ഹൃദയത്തിനു വലിപ്പം പോര.
ഞാൻ സ്നേഹിക്കുന്നവൾ
ഈ ഭൂമിയോളം വിശാലമാണ്‌
അതു കൊണ്ട് ഈ ഭൂമിയോളം വലിപ്പമുള്ള
മറ്റൊരു ഹൃദയവും കൂടി
എന്റെ നെഞ്ചിനുള്ളിൽ വച്ചു തരൂ.
പ്രേതം കൂട തുറന്നു വെച്ച്
ഒരു നിമിഷം കൊണ്ട്
നിനക്കിഷ്ടപ്പെട്ട മുത്തുകളും രത്നങ്ങളും
വാരിയെടുത്തോളൂ എന്നു പറഞ്ഞാൽ
ഞാൻ നിന്റെ കണ്ണുകളെയാവും
തിരഞ്ഞെടുക്കുക.
പ്രിയേ,
എന്റെ മനഭ്രാന്തി
നിനക്കു പിടിപെട്ടെങ്കിൽ
നിന്റെ മുഴുവൻ രത്നങ്ങളും
പവിഴങ്ങളും വലിച്ചെറിഞ്ഞ്
നീയെന്റെ കണ്ണുകളിൽ
അന്തിയുറങ്ങുമായിരുന്നു.
ആകാശത്തോട് ഞാൻ ആരാഞ്ഞു:
ഭൂമിയിലെ മുഴുവൻ പെണ്ണുങ്ങളെയും
മറന്ന് നിന്നിൽ മാത്രം കുടികൊള്ളാൻ
എനിക്കെങ്ങനെ കഴിഞ്ഞു?
നിഘണ്ടുവിലെ മുഴുവൻ വാക്കുകളും
മൃതിയടഞ്ഞു.
എല്ലാ ഗ്രന്ഥ ശാലകളിലെയും
വരികളും ചത്തു പോയി.
കഥാകാരന്മാരുടെ വാക്കുകളും
വീരചരമം പ്രാപിച്ചു.
നിന്നിലേക്കുള്ള എന്റെ അനുരാഗത്തിന്റെ
പാതയോരങ്ങളിൽ
വാക്കുകളേ ഇല്ല
എന്നു ഞാൻ കണ്ടെത്തി.
ആളുകൾ സ്നേഹിക്കുന്നതു പോലെ
സ്നേഹിക്കുന്നതെനിക്കിഷ്ടമില്ല;
ആളുകൾ എഴുതുന്നതു പോലെ
എഴുതാനും.
എന്റെ വദനങ്ങൾ ദേവാലയമായെങ്കിൽ!
എന്റെ വാക്കുകൾ പള്ളി മണിയും!.
എന്റെ കൈകൾ എണ്ണിനോക്കൂ
ആദ്യത്തെ വിരൽ നീ
രണ്ടാമത്തേതും നീ
മൂന്നാമത്തേതും നീ
നാലാമത്തേതും നീ
അഞ്ചാമത്തേതും നീ
ആറാമത്തേതും നീ
ഏഴാമത്തേതും നീ
എട്ടാമത്തേതും നീ
ഒമ്പതാമത്തേതും നീ
പത്താമത്തേതും പ്രിയേ നീ തന്നെ,
വിശാലാക്ഷീ,
നിന്നോടുള്ള അനുരാഗം
വർഗ്ഗീയതയാണ്‌,
യാഥാസ്ഥികതയാണ്‌,
ആരാധനയാണ്‌.
ആ അനുരാഗം
മരണവും ജനനവും പോലെ
രണ്ടാമതൊരു തവണ
അസാധ്യവുമാണ്‌.
ഇരുപതിനായിരം സ്ത്രീകളെ
ഞാൻ സ്നേഹിച്ചു.
ഇരുപതിനായിരം സ്ത്രീകളെ
ഞാൻ പരീക്ഷിച്ചു.
നിന്നെ കണ്ടു മുട്ടിയപ്പോഴാണ്‌
എനിക്കു മനസ്സിലായത്;
ഞാൻ ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂ എന്ന്.
എന്നിൽ നിന്നു നീ
ഓടിപ്പോകാൻ ശ്രമിക്കരുത്.
എവിടെപ്പോയാലും
ഞാൻ നിന്നെ പിടിച്ചു കൊണ്ടു വരും.
എന്നിൽ നിന്നും നിനക്ക്
രക്ഷപ്പെടാൻ കഴിയില്ല.
കാരണം, ദൈവം എന്നെ നിയോഗിച്ചതു തന്നെ
നിനക്കു വേണ്ടിയാണ്‌.
ചിലപ്പോൾ ഞാൻ നിന്റെ
കാതുകൾക്കിടയിലൂടെ
ഉദിച്ചു പൊങ്ങും.
മറ്റുചിലപ്പോൾ നിന്റെ കൈകളിലെ
രത്ന വളകൾക്കിടയിലൂടെയും വരും.
മഴക്കാലം വരുമ്പോൾ സഖേ,
ഞാൻ നിന്റെ കൺപൊയ്കയിൽ
മത്സ്യത്തെപ്പോലെ നീന്തിത്തുടിക്കും.
എന്തുകൊണ്ടാണു പ്രിയേ
നീ എന്റെ കാമുകിയായതു മുതൽ
എന്റെ മഷി കത്തിപ്രകാശിക്കുകയും
എന്റെ കടലാസുകൾ തളിരിടുകയും ചെയ്യുന്നത്?
നീ എന്നെ സ്നേഹിക്കുവാൻ തുടങ്ങിയതു മുതൽ
കാര്യങ്ങളെല്ലാം
വലിയ മാറ്റങ്ങൾക്കു വിധേയമായിരിക്കുന്നു.
ഞാനൊരു പ്രവാചകനല്ല
എന്നാലും നിന്നെപ്പറ്റി എഴുതുമ്പോഴെല്ലാം
ഞാനൊരു പ്രവാചകനായി മാറുന്നു.
പള്ളികളിലെ ചുവരുകളിൽ
ഉല്ലേഖനം ചെയ്യപ്പെട്ട
കൂഫീ ലിഖിതങ്ങൾ പോലെ
സഖീ, നീയെന്റെ കൈവെള്ളകളിൽ
ചാപ്പ കുത്തിയിരിക്കുന്നു.
മരക്കസേരകളിലും
അതിന്റെ കൈപ്പിടികളിലും പ്രിയേ
നീ ഒളിഞ്ഞിരിക്കുന്നു.
നിന്നിൽ നിന്നും ഒരു നിമിഷം മാറി നില്ക്കാൻ
ശ്രമിക്കുമ്പോഴൊക്കെ
നിന്നെ ഞാനെന്റെ
കൈവെള്ളയിൽ കാണുന്നു
അവരെന്നെക്കുറിച്ച്
പറഞ്ഞതെല്ലാം ശരിയാണ്‌
കാമിനിമാരെക്കുറിച്ചും
അനുരാഗത്തെക്കുറിച്ചുമുള്ള
എന്റെ വീക്ഷണങ്ങളെക്കുറിച്ചും
അവർ ആരോപിക്കുന്നതൊക്കെയും ശരിയാണ്‌
പക്ഷേ, അവരറിയുന്നില്ല
നിന്നോടുള്ള അനുരാഗം നിമിത്തം
ഞാൻ യേശുവിനെപ്പോലെ
രക്തം വാർന്നു മരിക്കുകയാണെന്ന്.
ഞങ്ങളുടെ സ്നേഹത്തിന്റെ
ഉത്തുംഗ സോപാനത്തിൽ
വിവേകമെന്നൊന്നില്ല,
ഒരു സംഭാഷണങ്ങളുമില്ല.
ആ സ്നേഹത്തെപ്പറ്റി
ഏറ്റവും നന്നായി വർണ്ണിക്കുകയാണെങ്കിൽ
ഇങ്ങനെ പറയാം
അതു വെള്ളത്തിനു മുകളിലൂടെ നടക്കും
എന്നാലും മുങ്ങിപ്പോകില്ല
.
നീ സുന്ദരിയാണ്‌
പക്ഷേ നിന്റെ സൗന്ദര്യത്തിന്‌
പൂർണ്ണത ലഭിക്കണമെങ്കിൽ
എന്റെ ഈ കൈത്തണ്ടകളിലൂടെ
നീ നടന്നു പോകണം.
പ്രിയേ,
നിന്റെ കണ്ണുകളിലൂടെ
സഞ്ചരിക്കുമ്പോഴൊക്കെ
മാന്ത്രികപരവതാനിയിലൂടെ
സഞ്ചരിക്കുകയാണ്‌ ഞാനെന്ന്
എനിക്കു തോന്നുന്നു
ചുവന്ന മേഘങ്ങൾ
എന്നെ ഉയർത്തിക്കൊണ്ടു പോകുന്നു
പിന്നീടതു വയലറ്റു നിറമായി മാറുന്നു
ഞാൻ നിന്റെ കണ്ണുകളിൽ പ്രിയേ
ഭൂഗോളത്തെപ്പോലെ
കറങ്ങിക്കൊണ്ടിരിക്കുന്നു.
മത്സ്യത്തോട് നിനക്ക്
വല്ലാത്ത സാദൃശ്യമുണ്ട്
പെട്ടന്നടുക്കുന്നു
പേടിച്ചു പിന്മാറുന്നു.
എന്നന്തരാളങ്ങളിൽ
ആയിരം സ്ത്രീകളെ
ഞാൻ കശാപ്പു ചെയ്തു
അതിനു ശേഷം നീയവിടുത്തെ
രാജ്ഞിയായി മാറി.
ഞാൻ എഴുതുന്നതെല്ലാം വെറുതെ,
എന്റെ വികാരങ്ങൾ
എന്റെ ഭാഷയേക്കാൾ വലുതാണ്‌.
എന്റെ വിചാരങ്ങൾ നിന്നിലേക്ക് നടന്നടുക്കുന്നു
എന്റെ ശബ്ദങ്ങൾ തൊണ്ടയിൽ കുടുങ്ങിപ്പോകുന്നു.
വെറുതെയാണ്‌ ഞാൻ എഴുതുന്നതൊക്കെയും.
കൊക്കുകളിലൊതുങ്ങാത്ത വാക്കുകൾ.
എന്റെ മുഴുവൻ വരികളെയും
ഞാൻ വെറുക്കുന്നു.
എന്റെ പ്രശ്നം നീയാണ്‌
നീ മാത്രമാണ്‌.
എന്റെ അനുരാഗം
വാക്കുകൾക്കതീതമാണ്‌.
അതു കൊണ്ട് ഞാൻ
മൗന വൃതത്തിലേർപ്പെടുന്നു.
നിനക്കു വിട!!!


Matrix Text - HTML5 Canvas Demo Your browser doesn't support canvas...L0Z3R

യാത്രാമൊഴി ശ്രീനാരായണ ഗുരുദേവൻ

ശ്രീനാരായണ ഗുരു

യാത്രാമൊഴി
യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ
യാത്രചോദിപ്പു ഞാൻ നിങ്ങളോടായ്
യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും
യാത്രയാകുന്നു ഞാൻ ഏകനായി

മന്നിൽ പിറന്നനാൾ തൊട്ടെന്റെ കാവലായ്
എന്നെ നടത്തിയ തമ്പുരാനെ
നിന്നുടെ പാദസായൂജ്യം നുകരുവാൻ
ഇന്നിതാ ഞാൻ വിടവാങ്ങിടുന്നു.

സാന്ദ്രസംഗീതം മുഴക്കിയുഷസ്സിലായ്
എന്നെയുണർത്തുന്ന  പക്ഷികളെ
യാത്രചോദിപ്പു ഞാൻ നിങ്ങളെനിക്കന്ത്യ
യാത്രമോഴിയുന്നു പാടിടേണം

രാവും പകലുമായി കാലചക്രത്തിന്റെ
തേരിൽ വസിക്കുന്ന കർമ്മസാഷി
ആയുസ്സുമാരോഗ്യവുമെനിക്കേകിയ
ആദിത്യനെ വിട നൽകിയാലും


എത്ര നിശീഥിനിയാമങ്ങളിലെനി
ക്കെത്രയും സ്വാന്തനമായുദിച്ചു
പാലൊളിചന്ദ്രികനന്ദിയോതുന്നു ഞാൻ
പോയിടട്ടെ വിട നൽകിടുവിൻ

ചന്ദനശീതളലോപനമായെന്നും
വന്നു തലോടുമെൻ തെന്നലെ ഞാൻ
മന്നിനോടിന്നു വിട പറഞ്ഞീടവേ
ഒന്നു തലോടിയയച്ചീടുമോ?

ഉണ്ണികിടാങ്ങളെ പോയിടുന്നേ ഞാനും
കണ്ണിൽപെടാത്തൊരു വാനിടത്തിൽ
കണ്ണായിരമുള്ളതാരകമായങ്ങ്
വിണ്ണിൽ ഞാൻ കാവലായ് നിൽകുമെന്നും

എന്റെ വഴിത്താരയിൽ ദുഃഖസുഖങ്ങളെ
പങ്കിട്ടു ജിവിച്ചൊരുറ്റവരെ
യാത്രയാകുന്നിതാ നിങ്ങൾക്ക് നന്മകൾ
നേർന്ന് ഞാൻ യാത്ര പറഞ്ഞിടുന്നു.

കുറ്റം പലത് ഞാൻ ചെയ്തുവെന്നാകിലും
തെറ്റുകളെല്ലാം ക്ഷമിച്ചുകൊണ്ട്
ഉറ്റവരെപ്പോലെ എന്നെ സ്നേഹിക്കുന്ന
നല്ലവരെ വിട നൽകീടുക

എന്റെ സ്വപനങ്ങളിൽ ചാരുത ചാർത്തിയ
മോഹങ്ങളെ വിനൽകീടുക
ഐഹികദുഃഖനിവർത്തിവരുത്തി ഞാൻ
ദൈവലോകത്തു പോയീടട്ടെ

ബന്ധവും സ്വന്തവും വിട്ടെറിഞ്ഞിന്നു ഞാൻ
ബന്ധുരഗേഗത്തിൽ പോയിടുന്നു
ബന്ധനമാകുമീ സ്വന്തബന്ധങ്ങളിൽ
ബന്ധിച്ചിടാതെ ഞാൻ പോയിടുന്നു

കണ്ണിൻമണിപോലെയെന്നെ വളർത്തിയ
മണ്ണേ ഈ ദേഹമങ്ങേറ്റു വാങ്ങു
പൊന്നിൻമണിമയ സിംഹാസാനമുള്ള
വിണ്ണിലേക്കിന്നു ഞാൻ പോയിടട്ടേ








എന്റെ പ്രണയമേ[നിസാർ ഖബ്ബാനി]

എന്റെ പ്രണയമേ[നിസാർ ഖബ്ബാനി]


നീ
എന്റെ ഉന്മാദത്തിന്റെ
തലത്തിലായിരുന്നുവെങ്കിൽ 
എന്റെ പ്രണയമേ, 
ഉപേക്ഷിക്കേണ്ടി വരുമായിരുന്നു
നിന്റെ ആഭരണങ്ങളത്രയും.        
ബ്രേസ്ലെറ്റുകൾ വിൽക്കേണ്ടിയും
എന്റെ മിഴികളിൽ
ഉറങ്ങേണ്ടിയും വരുമായിരുന്നു.
               * * *

താരതമ്യ പ്രണയം നിസാർ ഖബ്ബാനി

നിന്റെ മറ്റു കാമുകർക്ക്
സദൃശനല്ല ഞാനോമനേ
മറ്റേയാൾ നിനക്കൊരു മേഘത്തെ തന്നാൽ
ഞാൻ നിനക്ക് മഴയാണു നൽകുക.

അവൻ നിനക്കൊരു റാന്തൽ തരികയാണെങ്കിൽ
ഞാൻ നിനക്ക് ചന്ദ്രനെ നൽകും
അവൻ നിനക്കൊരു ചില്ല നൽകുന്നുവെങ്കിൽ
ഞാൻ നിനക്ക് വൃക്ഷങ്ങൾ നൽകും
ഇനി മറ്റൊരാൾ നിനക്കൊരു നൗക നൽകിയാൽ
ഞാൻ നിനക്ക്  യാത്ര തരികതന്നെ ചെയ്യും.
                 * * *
ഞാൻ പ്രണയിക്കുമ്പോൾ ,നിസാർ ഖബ്ബാനി




പ്രണയിക്കുമ്പോൾ
ഞാനാണു  കാലത്തിന്നധിപതിയെന്നു
തോന്നിപ്പോകുന്നു. 
ഭൂമിയും അതിലെ സകല വസ്തുക്കളും
എന്റെ അധീനത്തിലാകുന്നു
ഞാൻ എന്റെ കുതിരപ്പുറത്ത്
സൂര്യനിലേക്കു സഞ്ചരിക്കുന്നു.
പ്രണയിക്കുമ്പോൾ
ഞാൻ മിഴികൾക്ക് അപ്രാപ്യമായ
ദ്രാവകപ്രകാശമായി മാറുന്നു
എന്റെ നോട്ടുബുക്കിലെ കവിതകൾ
കറുപ്പിന്റെയും തൊട്ടാവാടികളുടെയും
വയലുകളായി മാറുന്നു.
ഞാൻ പ്രണയിക്കുമ്പോൾ
എന്റെ വിരലുകളിൽ നിന്ന്
ജലം കുത്തിയൊഴുകുന്നു.
എന്റെ നാക്കിൽ പുല്ലുകൾ വളരുന്നു
ഞാൻ പ്രണയിക്കുമ്പോൾ
കാലങ്ങൾക്കെല്ലാം പുറത്ത്
മറ്റൊരു കാലമായി ഞാൻ മാറുന്നു.
ഞാൻ ഒരു സ്ത്രീയെ പ്രണയിക്കുമ്പോൾ
എല്ലാ വൃക്ഷങ്ങളും
എനിക്കു നേരേ
നഗ്നപാദരായി ഓടിവരുന്നു.